കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഉടൻ ചോദ്യം ചെയ്‌തേക്കും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നീക്കം.
പൾസർ സുനിയെയും ചോദ്യം ചെയ്‌തേക്കും. ഇതിനായി വിചാരണ കോടതിയുടെ അനുമതി തേടും. സുനിയെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും നടനെ ചോദ്യം ചെയ്യുക. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പൾസർ സുനി. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേഗത്തിലാക്കാനാണ് പോലീസിന് ലഭിച്ച നിർദേശം.
ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ പ്രധാനമായും പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധമാണ് പരാമർശിക്കുന്നത്. സംവിധായകന്റെ മൊഴി കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസന്വേഷണത്തിനായി പ്രത്യേക സംഘം നിയോഗിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച തീരുമാനം സംസ്ഥാന പോലീസ് മേധാവി അറിയിക്കും. ഈ മാസം 20നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.















