ഇൻസറ്റഗ്രാമിൽ ഒരു മുട്ട ലോക റെക്കോർഡ് നേടിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും.. അതും ഗിന്നസ് വേൾഡ് റെക്കോർഡ്.. എന്നാൽ ഇൻസ്റ്റാഗ്രാമിൽ വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത മുട്ടയുടെ ചിത്രം ഗിന്നസിൽ ഇടം പിടിച്ചു. അത് എങ്ങനെയെന്നല്ലേ..
മൂന്ന് വർഷങ്ങൾക്ക് മുമ്പ് ജനുവരി നാലിന് ഇൻസ്റ്റഗ്രാമിലെ ഒരു അജ്ഞാത പേജിൽ പോസ്റ്റ് ചെയ്ത മുട്ടയുടെ ചിത്രമാണിത്. വർഷങ്ങൾക്കിപ്പുറവും ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ലൈക്കുകൾ വാരിക്കൂട്ടിയ ഇൻസ്റ്റഗ്രാം പോസ്റ്റ് എന്ന ഖ്യാതി ഈ മുട്ടയുടെ ചിത്രത്തിനാണ്. ഈ ‘കോഴിമുട്ട ചിത്രം’ പോസ്റ്റ് ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ 30.5 മില്യൺ ലൈക്കുകളായിരുന്നു നേടിയത്. അതായത്, മൂന്ന് കോടിയിലധികം ലൈക്കുകൾ. മൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ ലൈക്കുകളുടെ എണ്ണം 55.5 മില്യണായും വർദ്ധിച്ചു. അഞ്ചരക്കോടി ലൈക്കുകൾ വാരിക്കൂട്ടിയതോടെ ചിത്രം ഗിന്നസിൽ ഇടം പിടിക്കുകയും ചെയ്തു.
ഇനി കമന്റുകളിലേക്ക് വന്നാൽ.. 3.4 ദശലക്ഷം കമ്മന്റുകളാണ് ഈ ഇൻസ്റ്റഗ്രാം പോസ്റ്റിന് കീഴിലുള്ളത്. വേൾഡ് റെക്കോർഡ് എഗ്ഗ് എന്ന് പേരിട്ടിരിക്കുന്ന പേജിലാണ് റെക്കോർഡ് ജേതാവായ കോഴിമുട്ടയെ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ മൂന്ന് വർഷമായിട്ടും പേജിൽ ഈ മുട്ടയുടെ ചിത്രമല്ലാതെ മറ്റ് ചിത്രങ്ങൾ ഒന്നും തന്നെയില്ല. എന്നിട്ടും ഈ പേജിന് 4.8 ദശലക്ഷം ഫോളോവേഴ്സുണ്ടെന്നതാണ് കൗതുകം.
പേജിന്റെ വീഡിയോ സെക്ഷനിലേക്ക് വന്നാൽ ഏതാനും സെക്കൻഡുകൾ ഉള്ള രണ്ട് വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2019 ജനുവരിയിൽ ഈ കോഴിമുട്ടയെ അജ്ഞാത അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത് പോലും ഈ റെക്കോർഡ് നേട്ടം ലക്ഷ്യമിട്ടായിരുന്നു. പോസ്റ്റിന് താഴെ നൽകിയ തലക്കെട്ട് അപ്രകരമാണ്. മുൻ റെക്കോർഡ് മറികടക്കാൻ ഈ കോഴിമുട്ട ചിത്രത്തിന് നിങ്ങളുടെ വിലപ്പെട്ട ലൈക്കുകൾ തരണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു തലക്കെട്ട്. ഏറ്റവും അധികം ലൈക്കുകൾ നേടിയ കൈലി ജെന്നറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിനെ തോൽപ്പിക്കണമെന്നും തലക്കെട്ടിൽ ഉൾപ്പെടുത്തിയിരുന്നു.
ഈ ആഹ്വാനം വെറുതെയായില്ല.. പത്ത് ദിവസത്തിനുള്ളിൽ മുൻ റെക്കോർഡായിരുന്ന 18 ദശലക്ഷം ലൈക്കുകൾ കോഴിമുട്ട പോസ്റ്റ് മറികടന്നു. ബിസിനസുകാരിയും മോഡലുമായ കൈലി ജെന്നർ 2018ൽ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ റെക്കോർഡാണ് മറികടന്നത്. തനിക്കൊരു പെൺകുഞ്ഞ് പിറന്ന വിവരം അറിയിച്ച കൈലിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ റെക്കോർഡ് ഇതോടെ പഴങ്കഥയായി.. വെറുമൊരു കോഴിമുട്ട ഗിന്നസിൽ ഇടം പിടിക്കുകയും ചെയ്തു..
Comments