ചണ്ഡിഗഢ്: പഞ്ചാബിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ അടി തുടങ്ങി. പഞ്ചാബിലെ ജനങ്ങൾ ഒരു പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് ആയിരുന്നു പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധു ഇന്നലെ പറഞ്ഞത്. ഇതിന് പിന്നാലെ അത് താനായിരിക്കുമെന്ന സൂചനയുമായി മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി രംഗത്തെത്തി.
പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഛന്നിയുടെ അഭിപ്രായപ്രകടനം. തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണമെന്നും അല്ലെങ്കിൽ പരാജയം നേരിടേണ്ടി വരുമെന്നുമായിരുന്നു ഛന്നിയുടെ വാക്കുകൾ. 2017 ൽ തെരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിനാലാണ് പാർട്ടി വിജയിച്ചതെന്നും അതിന് മുൻപ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തപ്പോൾ പരാജയം അറിഞ്ഞിട്ടുണ്ടെന്നുമായിരുന്നു ഛന്നിയുടെ അഭിപ്രായം.
എന്നാൽ ആരെ ആയിരിക്കും പാർട്ടി മുഖ്യമന്ത്രിയാക്കാൻ സാദ്ധ്യതയെന്ന ചോദ്യത്തോട് ഛന്നി കൃത്യമായി പ്രതികരിക്കാൻ തയ്യാറായില്ല. തന്നെ ജനങ്ങൾക്ക് ഇഷ്ടമാണെന്നും പോകുന്നിടത്തൊക്കെ ബാരിക്കേഡുകൾ പോലും മറികടന്നാണ് തന്നെ കാണാൻ ജനങ്ങൾ അടുത്തെത്തുന്നതെന്നുമായിരുന്നു ഛന്നിയുടെ വാക്കുകൾ.
അടുത്തിടെ നേരിട്ടതിൽ ഏറ്റവും കടുത്ത മത്സരമാണ് ഇക്കുറി പഞ്ചാബിൽ കോൺഗ്രസ് നേരിടുന്നത്. കോൺഗ്രസിന്റെ മുൻ നിര നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന
അമരീന്ദർ സിംഗിന്റെ പാർട്ടിയുമായി സഖ്യം ചേർന്നാണ് ബിജെപി മത്സരിക്കുന്നത്. ഇരട്ടിക്കരുത്തോടെ ബിജെപി ഇറങ്ങുമ്പോൾ ശിരോമണി അകാലി ദളും ആം ആദ്മി പാർട്ടിയും ഉൾപ്പെടെ കോൺഗ്രസിന് വെല്ലുവിളിയാകും. സംസ്ഥാന സർക്കാരിന്റെ നിറം മങ്ങിയ പ്രകടനവും വിവാദവും കോൺഗ്രസിന് തിരിച്ചടിയാണ്.
Comments