ചെന്നൈ: ടോളിവുഡിൽ ഏറെ ചർച്ചയായ വാർത്തയായിരുന്നു രജ്നീകാന്തിന്റെ മകൾ ഐശ്വര്യയും നടൻ ധനുഷിന്റെയും കുടുംബപ്രശ്നങ്ങൾ. ഇത് സംബന്ധിച്ച് നിരവധി പ്രതികരണങ്ങളും വാർത്തകളും വന്നത് ആരാധകരെ ഏറെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി ധനുഷിന്റെ പിതാവും നിർമാതാവുമായ കസ്തൂരി രാജ രംഗത്തെത്തിയിരിക്കുകയാണ്.
മകനും മരുമകളും വിവാഹമോചിതരാകുന്നുവെന്ന് പറയുന്നതിൽ വാസ്തവമില്ലെന്ന് കസ്തൂരി രാജ വ്യക്തമാക്കി. തമിഴ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കസ്തൂരി രാജയുടെ പരാമർശം. അവർക്കിടയിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണെന്നും കസ്തൂരിരാജ പറയുന്നു.
‘ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല. അവരിപ്പോൾ ഹൈദരാബാദിലാണ്. രണ്ടുപേരെയും ഫോണിൽ വിളിച്ച് ഉപദേശിച്ചു. ഇത് ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നമാണ്.’കസ്തൂരിരാജ പറയുന്നു.
ധനുഷും രജനികാന്തിന്റെ മകളുമായ ഐശ്വര്യയും 2004-ലാണ് വിവാഹിതരാകുന്നത്. സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ കാതൽ കൊണ്ടേൻ എന്ന ചിത്രത്തിന്റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. ആറു മാസത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹതിരായി. ധനുഷ് അഭിനയിച്ച ‘3’ എന്ന ചിത്രത്തിന്റെ സംവിധായികയായ ഐശ്വര്യ, പിന്നണി ഗായിക കൂടിയാണ്.
Comments