കൊച്ചി : സിപിഎമ്മിനെതിരെ പ്രതിഷേധ പരിപാടികളും സമരങ്ങളും സംഘടിപ്പിച്ച വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎം യോഗത്തില്‍. കെ എൻ പരിയാരം ഹാളിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസ് തളിപ്പറമ്പ് ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് സുരേഷ് കീഴാറ്റൂർ പങ്കെടുത്തത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിയാണ് യോഗം ഉദ്ഘാടനം ചെയ്തത്.
നേരത്തേ സിപിഎമ്മിനെതിരെ സമരം ചെയ്ത സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. വയൽക്കിളി സമരനേതാവു സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ കല്ലെറിഞ്ഞ എസ്എഫ്ഐ നേതാക്കളെ ശാസ്ത്രീയ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിട്ടും സിപിഎം സമ്മർദ്ദം മൂലം പോലീസ് കേസെടുക്കാതെ വിട്ടയച്ചിരുന്നു.
ദേശീയപാത ബൈപ്പാസ് റോഡിനായി കീഴാറ്റൂർ വയലിൽ മണ്ണിടുന്നതിനെതിരെയാണ് സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ സമരം നടന്നത്. ആദ്യഘട്ടത്തിൽ സമരത്തിനൊപ്പം നിന്ന സിപിഎം പിന്നീട് പിന്മാറി, തുടർന്ന് വയൽക്കിളികൾ എന്ന സംഘടന രൂപീകരിച്ചാണ് സമരം നടന്നത്. ‘കേരളം കണ്ണൂരിലേക്ക്’ എന്ന പേരിൽ അവർ നടത്തിയ മാർച്ച് പാർട്ടി പ്രവർത്തകർ ആരും കാണാൻ പോലും പോകരുതെന്നും സിപിഎം നിർദേശം നൽകിയിരുന്നു.
Comments