ന്യൂഡൽഹി: അഞ്ച് മധ്യ ഇന്ത്യൻ സംസ്ഥാനങ്ങളിലായി 16 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ രേവ, ഛത്തീസ്ഗഡിലെ അംബികാപൂർ, ബിലാസ്പൂർ, ജഗദൽപൂർ എന്നിവിടങ്ങളിലും, ഉത്തർപ്രദേശിൽ ഒൻപതും, രാജസ്ഥാനിൽ ഒന്നും മഹാരാഷ്ട്രയിൽ രണ്ട് വീതവും പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കും. സെൻട്രൽ സോണിലെ പിഎം ഗതിശക്തി കോൺഫറൻസിൽ ഓൺലൈൻ വഴിയുള്ള മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി-ഗതിശക്തി പദ്ധതിയുടെ വിജയത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൂടുതൽ യോജിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15നാണ് ‘പിഎം ഗതിശക്തി-നാഷണൽ മാസ്റ്റർ പ്ലാനിന്’ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ കരുത്ത് പകരുന്നതാണ് പദ്ധതി. ഗതിശക്തിയിലൂടെ രാജ്യത്ത് കൂടുതൽ നിക്ഷേപം വരുമെന്നതിന് പുറമെ, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും സിന്ധ്യ വ്യക്തമാക്കി.
Comments