മുംബൈ : ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന്റെ വിയോഗത്തിൽ അനുശോചിച്ച് നാട്. മഹാരാഷ്ട്രയിൽ രണ്ട് ദിവസത്തേക്ക് പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ദേശീയ പതാക താഴ്ത്തിക്കെട്ടാനും നിർദ്ദേശമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിർദ്ദേശം പുറപ്പെടുവിച്ചത്.
ഫെബ്രുവരി 6,7 ദിവസങ്ങളിലാണ് പൊതു അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ ഒരു തരത്തിലുള്ള ആഘോഷപരിപാടികളും സംഘടിപ്പിക്കരുത്. പശ്ചിമ ബംഗാൾ സർക്കാർ പകുതി ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. 15 ദിവസം തെരുവുകളിൽ ലതാജിയുടെ ഗാനങ്ങൾ വെയ്ക്കണമെന്നും ഉത്തരവുണ്ട്.
ഇന്ത്യയുടെ സ്വന്തം ഗായികയുടെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് നിരവധി പ്രമുഖർ എത്തിയിരുന്നു. മുംബൈയിലെ ശിവജി പാർക്കിൽ വെച്ചാണ് ലതാജിയുടെ സംസ്കാര ചടങ്ങുകൾ നടക്കുക. സംസ്കാരത്തിനായി 25 കിലോഗ്രാം ചന്ദനത്തടിയും മറ്റ് ആവശ്യമായ സാധനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) കമ്മീഷണർ അറിയിച്ചു. ലതാജിയ്ക്ക് അന്ത്യോപചാരം അർപ്പിക്കാൻ പ്രധാനമന്ത്രി മുംബൈയിലെത്തും. വൈകീട്ട് 6.30 നാണ് സംസ്കാരം നടക്കുക.
Comments