കൃത്രിമ ഗർഭപാത്രത്തിനുള്ളിലെ ഭ്രൂണത്തിന്റെ വളർച്ച നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ നൽകാനും കഴിയുന്ന നിർമ്മിത ബുദ്ധി സംവിധാനം വികസിപ്പിച്ച് ചൈനയിലെ ഗവേഷകർ. ജിയാങ്‌സുവിലെ സുസൗവിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഇതിന് പിന്നിൽ. മൃഗങ്ങളുടെ ഭ്രൂണങ്ങളെയാണ് നിലവിൽ ഇത്തരം നിർമ്മിത ബുദ്ധി നോക്കുന്നത്. മൃഗങ്ങളുടെ ഭ്രൂണങ്ങളെ പരിപാലിക്കുന്ന നിർബന്ധിത ബുദ്ധി തന്നെ മനുഷ്യ കുഞ്ഞുങ്ങളുടെ ഗർഭകാല പരിചരണത്തിനും ഉപയോഗിക്കാമെന്ന് ഗവേഷകർ പറയുന്നു.
ഇൗ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒൻപത് മാസം കുഞ്ഞിനെ വയറ്റിൽ ചുമന്ന് നടക്കാതെ സുരക്ഷിതമായ സുഖപ്രസവം സാധ്യമാകുമെന്നതാണ് ഇതിന്റെ പ്രത്യേകതയായി ഗവേഷകർ പറയുന്നത്. ലോങ് ടേം എംബ്രയോ കൾച്ചർ ഡിവൈസ് എന്നാണ് കൃത്രിമ ഗർഭപാത്രത്തിന് പേര് നൽകിയിരിക്കുന്നത്. വ്യത്യസ്ത അറകളിലായി വ്യത്യസ്ത ഭ്രൂണങ്ങളെ വഹിക്കാൻ ഇതിനാകും. ഭ്രൂണത്തിൽ നിന്നും ഗർഭസ്ഥ ശിശുവിലേക്കുള്ള വളർച്ചയാണ് നിർമ്മിത ബുദ്ധി നിരീക്ഷിക്കുന്നത്. ഓരോ മാസം മുന്നോട്ട് പോകുന്തോറും ഭ്രൂണത്തിന്റെ വളർച്ചയ്‌ക്കാവശ്യമായ പോഷകങ്ങളും മറ്റ് അനുകൂല സാഹചര്യങ്ങളും ഉറപ്പാക്കാൻ നിർമ്മിത ബുദ്ധിക്കാകും.
ഭ്രൂണം നശിക്കുകയോ വളർച്ച മുരടിക്കുകയോ ചെയ്താൽ ഈ വിവരവും കൃത്യമായി കൈമാറാൻ നിർമ്മിത ബുദ്ധിക്കാവും. അതേസമയം ഈ സാങ്കേതിക വിദ്യയിൽ ഇനിയും പുരോഗതി കൈവരിക്കാനുണ്ടെന്നും, മികച്ച രീതിയിൽ സാദ്ധ്യമാകാൻ കൂടുതൽ കാലം കാത്തിരിക്കണമെന്നുമാണ് ഗവേഷകർ പറയുന്നത്. അതേപോലെ മനുഷ്യ ഭ്രൂണം ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള നിയമപ്രശ്‌നങ്ങൾ മറികടക്കുന്നതും ഇവർക്ക് മുന്നിലുള്ള വെല്ലുവിളിയാണ്.
Comments