തിയറ്ററുകളെ പൂരപ്പറമ്പാക്കി നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന മോഹൻലാൽ ചിത്രം പ്രദർശനം ആരംഭിച്ചുകഴിഞ്ഞു. ഈ അവസരത്തിൽ ആരാധകർക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ. ഫേസ്ബുക്ക് ലൈവിലെത്തിയായിരുന്നു താരം സന്തോഷവും നന്ദിയും അറിയിച്ചത്.
ആറാട്ട് എന്ന സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി. വലിയ അവകാശവാദങ്ങളൊന്നും പറയാനില്ല. ഒരു ‘ അൺറിയലസ്റ്റിക്ക് എന്റർടെയ്‌നർ’ ആണ് ചിത്രം. കൊറോണ മഹാമാരിക്കിടെ വീണ്ടും ഉയർത്തെഴുന്നേറ്റ് വന്നിരിക്കുകയാണ് സിനിമ വ്യവസായം. ഈ സാഹചര്യത്തിൽ സിനിമ സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും ഹൃദയത്തിൽ നിന്നും നന്ദി. കൊറോണ വ്യാപനത്തിന്റെ മൂർദ്ധന്യാവസ്ഥകാലത്ത് ഷൂട്ടിങ് പൂർത്തിയാക്കിയ സിനിമയാണ് ആറാട്ട്. ബി. ഉണ്ണികൃഷ്ണന്റെ പതിവ് സിനിമകളിൽ ആറാട്ട് എന്ന ചിത്രം വ്യത്യസ്തമാണ്. എല്ലാ പ്രേക്ഷകർക്കും ആസ്വദിക്കാനാകുന്ന ആറാട്ടിന് നൽകുന്ന പിന്തുണയ്‌ക്ക് നന്ദിയുണ്ടെന്നും കൂടുതൽ സിനിമകളുമായി വീണ്ടുമെത്തുമെന്നും മോഹൻലാൽ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ആറാട്ട് തിയേറ്ററുകളിലെത്തിയത്. നെയ്യാറ്റിൻകര ഗോപനെന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.















