തലശ്ശേരി: നഗരസഭ വാർഡിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ച സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ നടപടി. തലശ്ശേരി ടൗൺ ലോക്കൽ കമ്മിറ്റി അംഗമായ പി.പി മോഹൻദാസിനെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. ഇയാളെ സിപിഎം ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയതായി നേതാക്കൾ അറിയിച്ചു.
തലശ്ശേരി നഗരസഭയിലെ 43-ാം വാർഡ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സംഭവം. മാരിയമ്മ വാർഡിലെ ഗ്രൂപ്പിലാണ് ഇയാൾ വീഡിയോ അയച്ചത്. വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ തന്നെ ഗ്രൂപ്പ് അഡ്മിൻ മോഹൻദാസിനെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ചതുമായി ബന്ധപ്പെട്ട സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. ഇതിനെ തുടർന്നാണ് ഇയാളെ പാർട്ടി കമ്മിറ്റിയിൽ നിന്നും പുറത്താക്കിയത്.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അതേസമയം, നടപടി സംബന്ധിച്ച് പാർട്ടി ഔദ്യോഗികമായി ഇനിയും പ്രതികരിച്ചിട്ടില്ല.
Comments