കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ എതിർത്തുകൊണ്ടുള്ള ഹർജിയിൽ ആക്രമിക്കപ്പെട്ട നടിയെ കക്ഷി ചേർത്ത് കോടതി. കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് നടി നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. ദിലീപിന്റെ ഹർജിയിൽ നിലവിൽ കോടതി വാദം കേൾക്കാൻ ആരംഭിച്ചു.
അന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നാണ് ദിലീപിന്റെ അഭിഭാഷകൻ പ്രധാനമായും കോടതിയെ അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. നിലവിൽ കേസ് അന്വേഷണം തെറ്റായ ദിശയിൽ ആണ്. തുടരന്വേഷണത്തിന് വിചാരണ കോടതി അനുമതി നൽകിയിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
അതേസമയം ഇരയായ തന്റെ വാദം കൂടി കേൾക്കണമെന്ന് നടി കോടതിയെ ധരിപ്പിച്ചു. കേസിൽ ഉണ്ടായ പുതിയ വെളിപ്പെടുത്തലുകൾ ഗൗരവതരമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ തുടന്വേഷണം വേണമെന്ന് പറഞ്ഞ നടി തുടരന്വേഷണത്തിനെതിരെ നൽകിയ ദിലീപിന്റെ ഹർജി തള്ളണമെന്നും ആവശ്യപ്പെട്ടു.
Comments