കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള ശരിയത്ത് നിയമങ്ങൾ കർശനമാക്കി താലിബാൻ ഭരണകൂടം. സർക്കാർ സ്ഥാപനങ്ങളിൽ അടക്കം ജോലി ചെയ്യുന്ന സ്ത്രീകൾ കമ്പിളി പുതയ്‌ക്കുന്ന പോലെ ശരീരം മറയ്‌ക്കണമെന്നും അല്ലെങ്കിൽ ജോലി നഷ്ടമാകുമെന്നും താലിബാൻ പോലീസ് നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച ഉത്തരവും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. താലിബാൻ സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് പോലീസ് ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ സ്ത്രീകൾക്ക് നൽകിയിരിക്കുന്നത്.
അഫ്ഗാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതിന് പിന്നാലെ സ്ത്രീകളുടെ ജോലി വിഷയം സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് നിലനിന്നിരുന്നത്. എന്നാൽ പഴയപോലെ അല്ല, സ്ത്രീകളെ ജോലിയ്‌ക്ക് പോകാൻ അനുവദിക്കുമെന്നും അവർക്ക് സ്വാതന്ത്ര്യം നൽകുമെന്നത് അടക്കമുള്ള കാര്യങ്ങൾ വിവരിച്ച ശേഷമാണ് താലിബാൻ ഭീകരർ അധികാരത്തിലേറിയത്. ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് സ്ത്രീകൾക്ക് ജോലി ചെയ്യാൻ താലിബാൻ അനുവാദം നൽകിയത്. ശരിയായ രീതിയിൽ ശരീരം മറയ്‌ക്കാതെ ആരേയും ജോലി ജോലി ചെയ്യാൻ അനുവദിക്കില്ലെന്നതാണ് അതിൽ ഒന്ന്. നിബന്ധനകൾ പാലിക്കാത്ത പക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്.
‘വനിതകൾക്ക് അവർക്ക് ഇഷ്ടമുള്ള രീതിയിൽ ഹിജാബ് ധരിക്കാം, പക്ഷെ അത് ശരിയായ രീതിയിൽ ആയിരിക്കണം. ഒരു കമ്പിളി എങ്ങനെയാണോ പുതയ്‌ക്കുന്നത് അതുപോലെ ആണ് ഉപയോഗിക്കേണ്ടത്’ താലിബാൻ വക്താവ് വിശദീകരിച്ചു. 1996-2001 ഭരണ കാലത്ത് സ്ത്രീകൾക്ക് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം പോലും താലിബാൻ നൽകിയിരുന്നില്ല. അതുപോലെ തന്നെ പുരുഷന്മാർ ഷേവ് ചെയ്യുന്നതും താലിബാൻ വിലക്കിയിരുന്നു. സിനിമ, സംഗീതം, ടെലിവിഷൻ എന്നിവയ്‌ക്കെല്ലാം താലിബാൻ തങ്ങളുടെ ആദ്യ ഭരണ കാലത്ത് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Comments