ന്യൂഡല്‍ഹി: പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന കാരണം പറഞ്ഞ് പ്രതിക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തപ്പെട്ട കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ്.ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
കഴിഞ്ഞ വര്‍ഷം ജനുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ പിന്നീട് ഈ വിവാഹത്തില്‍ നിന്ന് പിന്മാറി. അതിന് ശേഷം പെണ്‍കുട്ടിയുടെ അച്ഛന് സ്വകാര്യ വീഡിയോ അയച്ചു കൊടുത്തതായും പരാതിയില്‍ പറയുന്നു.
പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ റാഞ്ചി സ്പെഷ്യല്‍ ജഡ്ജി തള്ളിയിരുന്നു. പിന്നീട് കീഴടങ്ങിയ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടുപേരും പ്രണയത്തിലായിരുന്നുവെന്നും, വിവാഹവാഗ്ദാനം ലംഘിച്ചപ്പോള്‍ മാത്രമാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നും പറഞ്ഞാണ് ഹൈക്കോടതി പ്രതിക്ക് ജാമ്യം നല്‍കിയത്. എന്നാല്‍ ഹൈക്കോടതിയുടെ ഈ വാദം തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
Comments