ന്യൂഡൽഹി : കൊറോണ മഹാമാരിയിൽ പൊറുതിമുട്ടിയ ലോകത്തെ കൈപിടിച്ച് ഉയർത്താൻ സഹായിച്ച ഇന്ത്യയെ അഭിനന്ദിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. 100 രാജ്യങ്ങളിലേക്കായി 150 മില്യൺ ഡോസ് വാക്സിനാണ് ഇന്ത്യ എത്തിച്ചത്. ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഇന്ത്യ-യുഎസ് ആരോഗ്യ പങ്കാളിത്തത്തെക്കുറിച്ചുള്ള വെർച്വൽ കോൺഫറൻസിലാണ് ബിൽ ഗേറ്റ്സിന്റെ പരാമർശം.
ലോകത്തെ സംരക്ഷിക്കാൻ മുൻകൈ എടുത്ത ഇന്ത്യൻ വാക്സിൻ നിർമ്മാതാക്കൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. ന്യൂമോണിയ, റോട്ടവൈറസ് ഉൾപ്പെടെയുള്ള രോഗങ്ങൾ കാലങ്ങളായി കുട്ടികളുടെ മരണത്തിന് കാരണമാകുന്നു. ഇവയെ അകറ്റി നിർത്താനുള്ള വാക്സിനുകളുടെ വിതരണവും രാജ്യങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൊറോണ മഹാമാരി അവസാനിക്കുന്നതിന് മുൻപ് തന്നെ അടുത്ത ഒരു മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിനെ പ്രതിരോധിക്കാൻ നാം തയ്യാറാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങളമായി മുന്നോട്ട് പോകുന്നതിനിടെ യുഎസുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇരു രാജ്യങ്ങളുടേയും അഭിലാഷമാണെന്നും യാഥാർത്ഥ്യമാക്കാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കി.
ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യ എംബസിയാണ് ‘ എല്ലാവർക്കും വാക്സിൻ’ എന്ന പരിപാടി സംഘടിപ്പിച്ചത്. അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ തരൺജീത് സിംഗ് സന്ധുവും ബിൽ ഗേറ്റ്സിനൊപ്പം യോഗത്തിൽ പങ്കെടുത്തു.
Comments