ന്യൂഡൽഹി : റഷ്യ- യുക്രെയ്ൻ സംഘർഷത്തെ രാഷ്ട്രീയ താത്പര്യത്തിനായി ഉപയോഗിച്ച കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വേച്ഛാധിപതികൾ എല്ലായ്പ്പോഴും സ്വന്തം താത്പര്യം സംരക്ഷിക്കാനുള്ള അവസരങ്ങൾ നോക്കി നടക്കുന്നവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുപിയിൽ അവസാന ഘട്ട പ്രചാരണത്തിന്റെ ഭാഗമായി വാരാണസിയിൽ സംഘടിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
അന്ധമായ എതിർപ്പ്, തുടർച്ചയായ എതിർപ്പ്, നിരാശ, നിഷേധാത്മകത എന്നിവയാണ് കോൺഗ്രസിന്റെ അടിസ്ഥാന തത്വങ്ങൾ. രാജ്യം പ്രതിസന്ധിയിൽ ആണെങ്കിലും സ്വന്തം രാഷ്ട്രീയ താത്പര്യം സംരക്ഷിക്കുകയാണ് കോൺഗ്രസിന് പ്രധാനം. ഇങ്ങനെ സ്ഥിതിഗതികൾ ഇക്കൂട്ടർ കൂടുതൽ വഷളാക്കും. കൊറോണ മഹാമാരിക്കാലത്ത് ഇത് നാം കണ്ടതാണ്. യുക്രെയ്ൻ വിഷയത്തിൽ ഇത് കോൺഗ്രസ് ഒരിക്കൽ കൂടി തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി 80 കോടി പാവങ്ങൾക്ക് കേന്ദ്രസർക്കാർ സൗജന്യ റേഷൻ നൽകിവരികയാണ്. പാവങ്ങൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഈ പദ്ധതിയെ ലോകരാജ്യങ്ങൾ അത്ഭുതത്തോടെയാണ് കാണുന്നത്. കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ സന്തോഷവാന്മാരായാൽ താനും സന്തോഷവാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments