വാഴ്സ: ഇന്ത്യയുടെ ഓപ്പറേഷൻ ഗംഗ ദൗത്യം വിജയത്തിൽ. സുമിയിൽ നിന്ന് ഒഴിപ്പിച്ച വിദ്യാർത്ഥികൾ എല്ലാം പോളണ്ടിലെത്തി. ഇന്ന് 694 വിദ്യാർത്ഥികളേയും ഡൽഹിയിലെത്തിക്കും. പോളണ്ടിലെത്തിയ വിദ്യാർത്ഥികൾ സർക്കാരിനും എംബസിയ്ക്കും നന്ദി അറിയിച്ചു. സുമിയിൽ അടക്കം അടിയന്തിര വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് മാനുഷിക ഇടനാഴി വഴി ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിച്ചത്.
സുമിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ യുദ്ധഭൂമിയിൽ നിന്നും തിരിച്ചെത്തിക്കാൻ യുക്രെയ്നും സൗകര്യം ഒരുക്കിയിരുന്നു. രണ്ടാഴ്ചയായി സുമിയിൽ കുടുങ്ങിക്കിടന്ന 694 ഇന്ത്യൻ വിദ്യാർത്ഥികളെ ഇന്നലെ സുരക്ഷിതമായി പോൾട്ടോവയിൽ എത്തിച്ചു. ശേഷം പടിഞ്ഞാറൻ നഗരമായ ലിവീവിലേക്ക് ട്രെയിനിൽ എത്തുന്ന വിദ്യാർത്ഥികളെ പിന്നീട് പോളണ്ട് അതിർത്തിയിൽ എത്തിക്കുകയായിരുന്നു.
സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ തിരിച്ചുവരവോടെ യുക്രെയ്നിലെ ഇന്ത്യയുടെ രക്ഷാദൗത്യം ആശ്വാസകരമായ അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്. ഇന്ത്യൻ സംഘത്തിനൊപ്പം ഉണ്ടായിരുന്ന പാകിസ്താൻ സ്വദേശി അസ്മ ഷഫീക്ക് ഇന്ത്യൻ എംബസിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും നന്ദി അറിയിച്ചു. ബംഗ്ലാദേശ് പൗരന്മാരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. അവരെ സുരക്ഷിതമായി ഒഴിപ്പിച്ചതിന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറഞ്ഞു.
Comments