ഐഎസ്എൽ ആദ്യപാദ സെമിയിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചപ്പോൾ ഒരു കുഞ്ഞ് ആരാധകന്റെ ആഹ്ലാദ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയാഹ്ലാദത്തിൽ പൊട്ടിക്കരഞ്ഞ ആരാധകൻ കാർത്തിക്കിന് സർപ്രൈസ് സമ്മാനമൊരുക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. കാർത്തിക്കിന്റെ പേരിലുള്ള ജേഴ്സി സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ചു.
മലപ്പുറം സ്വദേശിയാണ് കാർത്തിക്. പ്രായത്തിൽ കുഞ്ഞാണെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ കട്ട ഫാൻ. ജംഷഡ്പൂരിനെതിരെ മലയാളി താരം സഹൽ അബ്ദുൾ സമദ് ഗോളടിച്ചപ്പോൾ സന്തോഷമടക്കാനാകാതെ കാർത്തിക്ക് കരയുന്ന വീഡിയോയാണ് വൈറലായത്. എന്തിനാ കരയുന്നതെന്ന് വീഡിയോ എടുത്ത ആൾ ചോദിക്കുമ്പോഴും കാർത്തിക് മറുപടി ഒന്നും പറഞ്ഞിരുന്നില്ല. ജഴ്സിയിൽ കണ്ണീര് തുടയ്ക്കുന്നതും ഗോളിന്റെ ആഹ്ലാദത്തിൽ അലറി വിളിക്കുന്നതുമായിരുന്നു വീഡിയോയിൽ.
അതിനിടെ ഐഎസ്എൽ രണ്ടാം പാദ സെമി ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മുന്നിലാണ്. തുടർച്ചയായ രണ്ട് അവസരങ്ങൾ പാഴാക്കിയെങ്കിലും മൂന്നാം അവസരം ബ്ലാസ്റ്റേഴ്സ് ലൂണയിലൂടെ ഒരുഗോൾ നേടി. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് പ്ലെയിംഗ് ഇലവനിൽ മാറ്റം വരുത്തിയാണ് ജംഷഡ്പൂരിനെതിരെ കളിക്കാനിറങ്ങിയത്. ആദ്യ പാദത്തിൽ വിജയ ഗോൾ നേടിയ മലയാളി താരം സഹൽ ടീമിലില്ല. സഹലിനൊപ്പം സഞ്ജീവ് സ്റ്റാലിനും പുറത്തായിട്ടുണ്ട്. സന്ദീപും നിശുകുമാറുമാണ് പുതുതായി ടീമിലെത്തിയത്.
Comments