തിരുവനന്തപുരം; കെ റെയിലിനെതിരെയുള്ള പ്രതിഷേധ സമരങ്ങളിൽ കുട്ടികളെ കവചമാക്കുന്നതിനെതിരെ ബാലാവകാശ കമ്മീഷൻ.സംഘർഷ സാധ്യതയുള്ള സമരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെയാണ് കേസെടുത്തത്.പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.
കെ റെയിലുമായി ബന്ധപ്പെട്ടും ട്രാഫിക് പോയിന്റുകളിൽ കുട്ടികളെ കൂട്ടി സാധനങ്ങൾ വിൽക്കുമ്പോൾ അപകടത്തിൽപ്പെടുന്നത് സംബന്ധിച്ചും കമ്മീഷനു ലഭിച്ച പരാതിയിലാണ് ചെയർപേഴ്സൻ കെ വി മനോജ്കുമാർ കേസെടുത്തതെന്നാണ് വിവരം.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകി. കെ റെയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്ത്രീകളെയും കുട്ടികളെയും പോലീസ് ഉപദ്രവിച്ചുവെന്ന് വിമർശനം ഉയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് ബാലവകാശ കമ്മീഷന്റെ നടപടി. ബാലവകാശ കമ്മീഷന്റെ പുതിയ നീക്കം സമരമുഖത്ത് നിന്ന് കുട്ടികളെ മാറ്റിനിർത്താൻ പ്രതിഷേധക്കാരെ നിർബന്ധിതരാക്കും.
Comments