കൊച്ചി: കളമശ്ശേരി കിൻഫ്ര പാർക്കിലെ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് വിവിധ ഭാഷാതൊഴിലാളികൾ മരിച്ച സംഭവത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം നടത്തും. അപകടത്തിൽ നാല് വിവിധ ഭാഷ തൊഴിലാളികളാണ് മരിച്ചത്. ഇവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. നാളെ മൃതദേഹം നാട്ടിലേയ്‌ക്ക് കൊണ്ടുപോകും.
നിർമ്മാണ പ്രവർത്തനത്തിൽ സുരക്ഷാ വീഴ്‌ച്ചയുണ്ടോ എന്നാണ് എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്. കുന്ന് നികത്തിയ മണ്ണാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. മണ്ണിന് ബലം കുറവായിരുന്നെന്നും ജോലിയെടുക്കാനുള്ള ബുദ്ധിമുട്ട് കോൺട്രാക്ടറെ അറിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നുമാണ് തൊഴിലാളികളുടെ പരാതി.
അഗ്നിശമന സേനയിലെയും, റവന്യൂ വകുപ്പിലേയും പോലീസിലെയും ഉദ്യോഗസ്ഥർ ചേർന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഏഴ് പേരായിരുന്നു മണ്ണിടിഞ്ഞു വീണയിടത്ത് ജോലി ചെയ്തിരുന്നത്. ഇവരിൽ ഒരാൾ ആദ്യം സ്വയം രക്ഷപ്പെട്ടിരുന്നു. ബാക്കി ആറ് പേരിൽ 2 പേരെ തുടക്കത്തിൽ തന്നെ രക്ഷപ്പെടുത്തി. മണ്ണിന് അടിയിലായിപ്പോയ ബാക്കി 4 പേരെ രക്ഷപ്പെടുത്താൻ വൈകി. ഇവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം മരിക്കുകയായിരുന്നെന്ന് ജില്ലാ ഫയർ ഓഫീസർ ജോജി അറിയിച്ചു.
Comments