കൊല്ലം: സർക്കാർ സ്കൂളിൽ ജോലിയ്ക്കെത്തിയ അദ്ധ്യാപകരെ സമരാനുകൂലികളായ സിപിഎം പ്രവർത്തകർ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. പിടിഎ പ്രസിഡന്റും, സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗവും, മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഷിബുലാലിന്റെ നേതൃത്വത്തിലായിരുന്നു 15 അദ്ധ്യാപകരെ പൂട്ടിയിട്ടത്. ജോലിയ്ക്കെത്തിയതിന്റെ പേരിൽ അദ്ധ്യാപകർക്കെതിരെ അസഭ്യവർഷവും നടത്തി.
കടയ്ക്കൽ ചിതറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരെയാണ് സമരാനുകൂലികളായ സിപിഎം പ്രവർത്തകർ ക്ലാസ് മുറിയിൽ പൂട്ടിയിട്ടത്. കോടതി ഉത്തരവ് പ്രകാരമാണ് ഇവർ ജോലിയ്ക്കെത്തിയത്. എന്നാൽ ഇവരെ ക്ലാസ് മുറിയിൽ പൂട്ടിയിടുകയും, വൈകിട്ട് പുറത്തിറങ്ങുമ്പോൾ ‘കാണിച്ചുതരാമെന്ന്’ പറഞ്ഞ് ഷിബുലാൽ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഏറെ നേരം അദ്ധ്യാപകർ ക്ലാസ് മുറിയിൽ തന്നെ തുടർന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അദ്ധ്യാപകർ ആരോപിച്ചു. കൂടാതെ വൻ പോലീസ് സന്നാഹവും സ്കൂളിന് മുന്നിൽ നിലയുറപ്പിച്ചിട്ടുണ്ട്. കോടതി നിർദ്ദേശപ്രകാരം രജിസ്റ്ററിൽ ഒപ്പിട്ട ശേഷം സ്റ്റാഫ് റൂമിൽ ഇരുന്ന അദ്ധ്യാപകർക്ക് നേരെയാണ് സമരാനുകൂലികൾ അക്രമം അഴിച്ചുവിട്ടത്.
Comments