ഹൈദരാബാദ് : ട്രാഫിക് നിയമം ലംഘിച്ചതിന് നടൻ അല്ലു അർജുനെതിരെ നടപടി സ്വീകരിച്ച് പോലീസ്. അല്ലു അർജുനിൽ നിന്നും പിഴ ഈടാക്കി. ഹൈദരാബാദ് പോലീസിന്റേതാണ് നടപടി.
റേഞ്ച് റോവർ കാറിന്റെ വിൻഡോയിൽ കൂളിംഗ് പേപ്പർ ഒട്ടിച്ചതിനാണ് അല്ലു അർജുനെതിരെ നടപടി സ്വീകരിച്ചത്. ഹൈദരാബാദ് നഗരത്തിലൂടെ പോകുന്നതിനിടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസ് തടഞ്ഞു നിർത്തി പിഴ ചുമത്തുകയായിരുന്നു. 700 രൂപയാണ് താരത്തിന്റെ പക്കൽ നിന്നും പിഴയായി ഈടാക്കിയത്. അതേസമയം സംഭവത്തിൽ അല്ലു അർജുൻ പ്രതികരിച്ചിട്ടില്ല.
രാജ്യത്ത് വാഹനങ്ങളിൽ കൂളിംഗ് പേപ്പറുകൾ ഒട്ടിക്കുന്നതിന് വിലക്കുണ്ട്. എങ്കിലും സിനിമാ താരങ്ങളും, ചില രാഷ്ട്രീയ നേതാക്കളും കാറിൽ കൂളിംഗ് പേപ്പറുകൾ ഒട്ടിക്കുന്നത് പതിവാണ്. ചൂടിൽ നിന്ന് രക്ഷ നേടുന്നതിനും, ആളുകൾ പെട്ടെന്ന് തിരിച്ചറിയാതിരിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത്.
Comments