സിയോൾ: കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരം പി.വി സിന്ധു സെമിയിൽ. പൽമ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ തായ്ലന്റ് താരം ബുസാനൻ ഓങ്ബംരുങ്ഫാനെ തോൽപ്പിച്ചാണ് സിന്ധു സെമിയിൽ പ്രവേശിച്ചത്. സിന്ധുവിന് മത്സരത്തിന്റെ തുടക്കത്തിൽ അടിപതറിയെങ്കിലും, പിന്നീട് താരം മുന്നോട് കുതിയ്ക്കുകയായിരുന്നു.
ആദ്യ ഗെയിമിൽ 2-5ന് പിന്നിലായിരുന്ന പി.വി സിന്ധു, നാല് പോയിന്റ് നേടി 6-5ന് ലീഡ് ചെയ്യുകയായിരുന്നു. പിന്നീട് വീര്യം ഒട്ടും ചോരാതെ തന്നെ കളിച്ച സിന്ധു, 21-10ന് ആദ്യ റൗണ്ട് പൂർത്തിയാക്കി. വമ്പൻ ലീഡ് നേടിയ സിന്ധുവിന്റെ ആത്മവിശ്വാസം ഇതോടെ വർദ്ധിക്കുകയായിരുന്നു. തുടർന്നുള്ള റൗണ്ടുകളിലും താരം ഇതേ ഫോം നിലനിർത്തി.
രണ്ടാം ഗെയിമിൽ തുടക്കം മുതൽ തന്നെ ലീഡ് നേടിയ സിന്ധു, 8-2ന് മുന്നിലെത്തി. തായ്ലന്റ് താരത്തിന് മുന്നേറാൻ ഒരവസരവും നൽകാതെ രണ്ടാം റൗണ്ടിലും സിന്ധു ലീഡ് നിലനിർത്തുകയായിരുന്നു. 21-16നാണ് രണ്ടാം റൗണ്ട് സിന്ധു വിജയിച്ചത്. 43 മിനിറ്റ് നീണ്ട് നിന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ, 21-10, 21-16 എന്ന സ്കോറിന് സിന്ധു ജയിക്കുകയായിരുന്നു.
Comments