കൊച്ചി: ഇടപ്പള്ളി ലുലു മാളിൽ വെച്ച് തമിഴ്നാട് സ്വദേശിയായ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ചയാൾ പോലീസ് പിടിയിൽ. വിനോദയാത്രയുടെ ഭാഗമായി ലുലു മാളിലെത്തിയതായിരുന്നു വിദ്യാർത്ഥിനി. സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശി ധനേഷ് ധനപാലനെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
ഊട്ടിയിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥിനിയും സംഘവും കേരളത്തിലെ പല സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ഇന്നലെ വൈകിട്ടോടെയാണ് ലുലു മാളിൽ എത്തിയത്. ഈ സമയത്ത് കെജിഎഫ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടൻ യാഷും അവിടെ എത്തിയിരുന്നു. ഈ തിരക്കിനിടയിലാണ് പ്രതി പെൺകുട്ടിയെ കയറിപ്പിടിച്ചത്.
പ്രതിയുടെ ശല്യം കലശലായപ്പോൾ പെൺകുട്ടി മറ്റൊരു സ്ഥലത്തേയ്ക്ക് മാറി നിന്നെങ്കിലും ഇയാൾ പെൺകുട്ടിയെ പിന്തുടർന്ന് വീണ്ടും ഉപദ്രവിച്ചുകൊണ്ടിരുന്നു. ഉപദ്രവം സഹിക്കാൻ വയ്യാതായപ്പോൾ പെൺകുട്ടി ബഹളം വെയ്ക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു.
കൊടുങ്ങല്ലൂരിൽ ബാറ്ററി ഷോപ്പ് നടത്തുന്നയാളാണ് പ്രതി. ഇയാളെ റിമാൻഡ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു.
Comments