ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകളെ പരസ്യമായി കളിയാക്കിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് ഗായകൻ സോനു നിഗം. കെജ്രിവാളും പാർട്ടി നേതാവ് രാഖി ബിർളയും ഡൽഹി നിയമസഭയിലാണ് കശ്മീരി പണ്ഡിറ്റുകളെ കളിയാക്കിയത്. ഇതിനെതിരെയാണ് താരം പ്രതികരിച്ചത്. തന്റെ ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്നും സോനു നിഗം പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ ബുദ്ധിമുട്ട് അറിയാവുന്ന വിദ്യാഭ്യാസമുള്ള വ്യക്തിയാണ് അരവിന്ദ് കെജ്രിവാൾ. അങ്ങനെയൊരാൾ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് മോശം പ്രവൃത്തിയാണ്. കശ്മീരിൽ നടന്നത് അത് വംശഹത്യയായിരുന്നെന്ന് ലോകം മുഴുവൻ അംഗീകരിച്ചുകഴിഞ്ഞു. പിന്നെ എന്തുകൊണ്ടാണ് ഡൽഹി മുഖ്യമന്ത്രി മാത്രം ഇത് അംഗീകരിക്കാത്തത്. കെജ്രിവാൾ പഞ്ചാബിൽ ഭരണം പിടിച്ചെടുത്ത സാഹചര്യത്തിൽ അദ്ദേഹത്തിന് പഞ്ചാബ് ഫയൽസ് എന്ന പേരിൽ ഒരു ചിത്രം പുറത്തിറക്കാമെന്നും സോനു നിഗം അഭിപ്രായപ്പെട്ടു.
കശ്മീരി പണ്ഡിറ്റുകളെ പരിഹസിച്ച് ചിരിച്ച ആംആദ്മി നേതാവ് രാഖി ബിർളയെയും സോനു നിഗം രൂക്ഷമായി വിമർശിച്ചു. എന്ത് നാണംകെട്ട പ്രവൃത്തിയാണ് അവർ ചെയ്തത് എന്നാണ് താരം ചോദിച്ചത്. ഒരാൾക്ക് മാന്യമായി സംസാരിക്കാൻ കഴിയും. എന്നാൽ രാഖി ബിർള പണ്ഡിറ്റുകളെ കളിയാക്കി ചിരിക്കുകയാണ് ചെയ്തത്. ഇതിലൂടെ എന്ത് സന്ദേശമാണ് അവർ ജനങ്ങൾക്ക് നൽകുന്നത് എന്നും സോനു നിഗം ചോദിച്ചു.
Comments