മലപ്പുറം: കോടഞ്ചേരിയില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മുസ്ലീം യുവാവ് വിവാഹം കഴിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് സംസ്ഥാ ജനറല്‍ സെക്രട്ടറി പി എം എ സലാം. കേരളത്തില്‍ മതധ്രുവീകരണത്തിന് സി പി എം ശ്രമിക്കുകയാണ്. ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് സി.പി.എം ശ്രമം. ജോര്‍ജ് എം തോമസിന്റെ പരാമര്‍ശങ്ങളും ഇതിന്റെ ഭാഗമായിട്ടാണ്. അതിനെ നാക്കു പിഴയായി കാണാനാവില്ല. ലൗ ജിഹാദ് ഉത്തേരേന്ത്യയില്‍ ബി.ജെ.പി ഉയര്‍ത്തുമ്പോള്‍ കേരളത്തില്‍ സി.പി.എമ്മാണ് ഇത് പ്രചരിപ്പിക്കുന്നത്. ലൗ ജിഹാദിനെക്കുറിച്ച് പാര്‍ട്ടി രേഖയിലുള്ളത് വിശദീകരിക്കണമെന്നും പിഎംഎ സലാം വിമര്‍ശിച്ചു.
ജോര്‍ജ്ജ് എം തോമസിന്റെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായതോടെ സിപിഎം ഇത് തള്ളി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ജോര്‍ജ്ജ് എം തോമസും നിലപാടില്‍ മലക്കം മറിയുകയായിരുന്നു. ഇതര മതസ്ഥയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ തനിക്ക് തെറ്റ് പറ്റിയെന്നാണ് അദ്ദേഹം പറഞ്ഞത്. ലൗ ജിഹാദില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പറഞ്ഞതാണ് നയം. സാമുദായിക വികാരം വ്രണപ്പെട്ടു എന്നത് മനസ്സിലാക്കിയിട്ടുണ്ട്. ലൗ ജിഹാദ് എന്നൊന്നില്ല എന്നത് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുള്ളതാണെന്നും ജോര്‍ജ്ജ് എം തോമസ് പറഞ്ഞു.
Comments