കോഴിക്കോട് : നഗരത്തിൽ കുടുങ്ങിപ്പോയ കുടുംബത്തെ അന്വേഷിച്ചിറങ്ങിയ ഭർത്താവ് ജീപ്പോടിക്കുന്നതിനിടെ നെഞ്ച് വേദന വന്ന് കുഴഞ്ഞുവീണു. കൂടെയുണ്ടായിരുന്ന ഇളയ കുഞ്ഞിനോടൊപ്പം സഹായത്തിന് അപേക്ഷിച്ചെങ്കിലും ആരും വാഹനം നിർത്തിയില്ല. അതുവഴി വന്ന നടി സുരഭി ലക്ഷ്മിയാണ് പോലീസിൽ അറിയിച്ച് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. കാണാതായ ഭാര്യയെയും കുഞ്ഞിനെയും പിന്നീട് കണ്ടെത്തി.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നും മനോദൗർബല്യമുള്ള യുവതി രാവിലെയാണ് കുഞ്ഞിനെയും കൊണ്ട് പോയത്. തുടർന്ന് ഭർത്താവ് ഇവരെ അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ ഇയാൾ പോലീസിൽ പരാതി നൽകി.
അതേസമയത്ത് യുവതിയും കുഞ്ഞും തളർന്ന നിലയിൽ പോലീസ് സ്‌റ്റേഷനിൽ എത്തുകയായിരുന്നു. പോലീസുകാർ ഇവർക്ക് ഭക്ഷണം നൽകിയ ശേഷം യുവതിയുടെ കൈയ്യിൽ നിന്നും നമ്പർ വാങ്ങി ഭർത്താവിനെ ഫോണിൽ വിളിച്ചു. എന്നാൽ സംസാരിച്ച് തീരുമ്പോഴേക്കും ഫോൺ ഓഫ് ആയി. തുടർന്ന് ഇയാൾ ഇളയ മകളെയും രണ്ട് സുഹൃത്തുക്കളെയും കൂട്ടി പോലീസ് സ്‌റ്റേഷനിലേക്ക് തിരിച്ചു. എന്നാൽ വഴിയിൽ വെച്ച് കലശലായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
വാഹനം ഓടിക്കാനറിയാത്ത സുഹൃത്തുക്കൾ നിരവധി വണ്ടികൾക്ക് കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. അപ്പോഴാണ് നടി സുരഭി ലക്ഷ്മി അതുവഴി വന്നത്. വാഹനത്തിൽ നെഞ്ച് വേദന അനുഭവപ്പെട്ട് കിടക്കുന്ന യുവാവിനെ കണ്ടതോടെ നടി പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോൾ സുരഭി ലക്ഷ്മിയും കൂടെപ്പോയി.
യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനെയും കൂട്ടി സുരഭി പോലീസ് സ്റ്റേഷനിലെത്തി. സ്‌റ്റേഷനിൽ ഉണ്ടായിരുന്ന അമ്മ കുഞ്ഞിനെ തിരിച്ചറിയുകയായിരുന്നു.














