ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗീർപുരിയിലെ അനധികൃതനിർമാണം പൊളിക്കുന്നതിനെതിരെ ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർഥികളുടെ പ്രതിഷേധം. വിദ്യാർഥികൾ കോലം കത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
അതെ സമയം ബിജെപിയുടെ നേതൃത്വത്തിലുള്ള നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ബുധനാഴ്ച ജഹാംഗീർപുരിയിലെ സി ബ്ലോക്കിൽ കയ്യേറ്റ വിരുദ്ധ നടപടി ആരംഭിച്ചതിന് പിന്നാലെ പൊളിച്ചുനീക്കുന്ന നടപടി നിർത്തിവയ്‌ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.
കനത്ത പോലീസ് സാന്നിധ്യത്തിൽ മണ്ണുമാന്തിയും ബുൾഡോസറുകളും ഉപയോഗിച്ചാണ് അനധികൃത നിർമിതികൾ പൊളിച്ചുനീക്കിയത്.
രണ്ട് കിലോമീറ്ററോളം ദൂരത്തിൽ റോഡ് കയ്യേറി പണിത കെട്ടിടങ്ങൾ പൊളിച്ചുനീക്കി. ലൈസൻസിംഗ് വിഭാഗം, എഞ്ചിനീയറിംഗ് വിഭാഗം, എൻഫോഴ്സ്മെന്റ് സെൽ, സിവിൽ ലൈനിലെ ആരോഗ്യ വിഭാഗം എന്നിവർ ചേർന്നാണ് കൈയേറ്റം നീക്കം ചെയ്തത്.
ജഹാംഗീർപുരിയിൽ മുൻസിപ്പൽ കോർപറേഷൻ നേരത്തെയും കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചിട്ടുണ്ട്.
പൊതു റോഡുകളിലെ ഇത്തരം കയ്യേറ്റ വിരുദ്ധ നടപടികൾ ഡൽഹിയിൽ എല്ലാ വാർഡുകളിലും പതിവായി നടക്കുന്നുണ്ട്. മുൻകൂർ നോട്ടീസ് നൽകിയാണ് ഇത്തരം നടപടിയെന്നും അധികൃതർ പറഞ്ഞു.
Comments