ലക്‌നൗ: കോളേജ് കെട്ടിടത്തിനുള്ളിലെ ലിഫ്റ്റ് തകർന്ന് എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. ഘാസിയാബാദിലുള്ള എഞ്ചിനീയറിംഗ് കോളേജിലാണ് അപകടമുണ്ടായത്.
ഐഎംഎസ് ഘാസിയാബാദിൽ കവി നഗറിന് സമീപം സ്ഥിതിചെയ്യുന്ന കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. താഴത്തെ നിലയിൽ നിന്നും മുകളിലെ നിലയിലേക്ക് പോകുന്നതിന് വേണ്ടിയായിരുന്നു വിദ്യാർത്ഥികൾ ലിഫ്റ്റിൽ കയറിയത്. എന്നാൽ ലിഫ്റ്റ് മുകളിലേക്ക് പൊങ്ങിയതിന് പിന്നാലെ തകർന്ന് താഴേക്ക് തന്നെ വീഴുകയായിരുന്നു.
ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. സാരമായി പരിക്കേറ്റവരെ കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലേക്ക് മാറ്റി. ലിഫ്റ്റിന് എന്താണ് സംഭവിച്ചതെന്ന കാര്യം പരിശോധിച്ച് വരികയാണ്. കോളേജിൽ പോലീസെത്തി അന്വേഷണം ആരംഭിച്ചു.
അപകടത്തെ വളരെ ഗുരുതരമായാണ് നോക്കിക്കാണുന്നതെന്നും കേസിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രത്യേക നിർദേശമുണ്ടെന്നും ഘാസിയാബാദ് എസ്ഡിഎം വിജയ് കുമാർ സിംഗ് അറിയിച്ചു.
Comments