ബെയ്ജിങ്: ചൈനയിൽ ആശങ്കയായി വീണ്ടും പുതിയ രോഗം. പക്ഷിപ്പനിയുടെ എച്ച്3എൻ8 വകഭേദം ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. നാല് വയസുള്ള കുഞ്ഞിലാണ് രോഗം കണ്ടെത്തിയത്. അതേസമയം എച്ച്3എൻ8 വകഭേദം മനുഷ്യർക്കിടയിൽ വ്യാപിക്കാനുള്ള സാധ്യത കുറവാണെന്ന നിരീക്ഷണത്തിലാണ് ചൈനീസ് ഭരണകൂടം.
ആദ്യമായി നോർത്ത് അമേരിക്കയിലാണ് പക്ഷിപ്പനിയുടെ എച്ച്3എൻ8 വകഭേദം സ്ഥിരീകരിക്കുന്നത്. 2002ലായിരുന്നു സംഭവം. ജലപക്ഷികളിലായിരുന്നു ഇത് കണ്ടെത്തിയത്. ഇവ കുതിരകൾ, നായകൾ, നീർനായകൾ എന്നിവയിലെല്ലാം പിന്നീട് പടർന്ന് പിടിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആദ്യമാണ് മനുഷ്യനിൽ എച്ച്3എൻ8 വകഭേദം സ്ഥിരീകരിക്കുന്നത്.
മധ്യ ഹെനൻ പ്രവിശ്യയിൽ താമസിക്കുന്ന നാല് വയസുകാരനാണ് രോഗം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ (എൻഎച്ച്‌സി) വ്യക്തമാക്കി. ഏപ്രിൽ ആദ്യമാണ് കുട്ടിയെ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചത്. പനിയും അനുബന്ധ ലക്ഷണങ്ങളും കുട്ടിയിൽ പ്രകടമായിരുന്നു. കുട്ടിയുടെ വീട്ടിൽ കോഴികളെ വളർത്തുന്നുണ്ടെന്നും പരിസര പ്രദേശങ്ങളിൽ കാട്ടുതാറാവുകൾ തിങ്ങിപ്പാർക്കുന്നുണ്ടെന്നും എൻഎച്ച്‌സി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിയുമായി നേരിട്ട് ഇടപഴകിയ വ്യക്തികളിൽ പരിശോധന നടത്തിയിട്ടുണ്ട്. മറ്റാർക്കും പോസിറ്റീവായിട്ടില്ല. രോഗ ബാധിതരായ പക്ഷികൾ, ചത്ത പക്ഷിമൃഗാദികൾ എന്നിവയിൽ നിന്നും ജനങ്ങൾ അകലം പാലിക്കണമെന്നും പനിയോ മറ്റ് രോഗലക്ഷണങ്ങളോ പ്രകടിപ്പിച്ചാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അമേരിക്കയുടെ വടക്കുകിഴക്കൻ തീരത്ത് 160-ലധികം നീർനായകൾ ചത്തൊടുങ്ങുന്നതിന് എച്ച്3എൻ8 വകഭേദം കാരണമായിട്ടുണ്ട്. 2012ലായിരുന്നു സംഭവം.
Comments