തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ബംഗാളിനെ 5-4 ന് പരാജയപ്പെടുത്തിയാണ് കേരളം കിരീടം നേടിയത്. കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിന് അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മത്സരങ്ങൾക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവർ നൽകിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണ്. കൂടുതൽ മികവോടെ മുന്നോട്ട് പോകാനും കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാനും ഈ വിജയം പ്രചോദനമാകും. ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. കേരളത്തിന്റെ കായിക സംസ്കാരം കൂടുതൽ സമ്പന്നമാക്കാനും കായിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ഇത് ഊർജമാകുമെന്നും മുഖ്യമന്ത്രി കുറിച്ചു.
വിജയം സമ്മാനിച്ച ഓരോ ടീമംഗത്തെയും പരിശീലകരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും ഹാർദ്ദമായി അനുമോദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
Comments