ആലപ്പുഴ: ചേർത്തല എസ്എച്ച് നഴ്സിംഗ് കോളേജിനെതിരെ നടപടി. കോളേജിലെ വൈസ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. വിദ്യാത്ഥികൾക്കെതിരെ ലൈംഗിക അധിക്ഷേപമുണ്ടായെന്ന പരാതിയെ തുടർന്നാണ് നടപടി. നഴ്സിംഗ് കൗൺസിലിൻറേതാണ് നടപടി. കോളേജിനെതിരെയും നടപടി വന്നേക്കും. വൈസ് പ്രിൻസിപ്പാൾ ലൈംഗിക അധിക്ഷേപം നടത്തി എന്നത് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനികൾ രംഗത്ത് വന്നിരുന്നു.
ഡോക്ടർമാരുടെ ചെരുപ്പ് വിദ്യാർത്ഥിനികളെക്കൊണ്ട് വൃത്തിയാക്കിക്കുകയും ആശുപത്രി വാർഡ് കഴുകിക്കുകയും, ആശുപത്രി ശുചിമുറി വൃത്തിയാക്കിക്കുകയും ചെയ്യുന്നു എന്നാണ് പരാതി. വിദ്യാർത്ഥികൾ ഒരുമിച്ച് നടന്നാൽ ‘നിങ്ങൾ സ്വവർഗാനുരാഗികൾ ആണോ’ എന്നാണ് വൈസ് പ്രിൻസിപ്പൽ ചോദിക്കുന്നത്. വിദ്യാർത്ഥികളുടെ യൂണിഫോം ചുളിഞ്ഞിരുന്നാൽ അതിനെയും ലൈംഗികമായി വ്യാഖ്യാനിക്കുന്നു.
ഹോസ്റ്റലിൽ ജയിലിന് സമാനമായ അന്തരീക്ഷമാണെന്നും കുട്ടികൾ പരാതിപ്പെട്ടിരുന്നു. ക്രിസ്ത്യനികളല്ലാത്ത കുട്ടികളെയും പള്ളിയിൽ പോകാൻ നിർബന്ധിച്ചു. പുറത്ത് പോകാനോ മാതാപിതാക്കളെ കാണാനോ അനുവദിക്കാറില്ല. ഫോൺ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ വിദ്യാർത്ഥികളും കോളേജിനെതിരെ പരാതിയുമായി എത്തിയിരുന്നു.
ക്ലീനേഴ്സല്ല തങ്ങളാണ് ആശുപത്രി വൃത്തിയാക്കിയത് എന്ന് മുൻ വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് പ്രാണികളെയും, പാമ്പിൻ കുഞ്ഞിനെയും പുഴുവിനെയും നിരന്തരം കിട്ടിയിരുന്നു. പുതിയ വിദ്യാർത്ഥികൾ വരുന്ന ദിവസം മാത്രമാണ് നല്ല ഭക്ഷണം ലഭിച്ചിരുന്നത്. വെള്ളത്തിൽ നിന്നും പുഴുവിനെ കിട്ടാറുണ്ട് എന്നും മുൻ വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ വൈസ് പ്രിൻസിപ്പൾ നിഷേധിക്കുകയാണ് ചെയ്തത്.
Comments