അഹമ്മദാബാദ് ; എന്ത് പ്രശ്നത്തിലും രാജ്യത്തെ വ്യവസായികളെ കുറ്റപ്പെടുത്തുന്ന കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പാർട്ടിയിൽ നിന്ന് രാജിവെച്ച ഹർദ്ദിക് പട്ടേൽ. അവർ കഷ്ടപ്പെട്ടത് കൊണ്ട് മാത്രമാണ് ഈ നിലയിൽ എത്തിയത് എന്നും പ്രധാനമന്ത്രിയുടെ സ്ഥലം ഗുജറാത്ത് ആയത് കൊണ്ട് മാത്രം ഇവരെ വിമർശിക്കാനാവില്ല എന്നും ഹർദ്ദിക് പട്ടേൽ പറഞ്ഞു.
ഒരു വ്യവസായി തന്റെ സ്വന്തം കഷ്ടപ്പാടും കഠിനാധ്വാനവും കൊണ്ടാണ് ഉയരങ്ങളിൽ എത്തുന്നത്. അദാനിയെയും അംബാനിയെയും വെറുതെ വിമർശിച്ചിട്ട് കാര്യമില്ല. പ്രധാനമന്ത്രി ഗുജറാത്ത് സ്വദേശിയായതിന് എന്തിനാണ് വ്യവസായികളെ നിരന്തരം വിമർശിക്കുന്നത് എന്നും ഹർദ്ദിക് പട്ടേൽ ചോദിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നും പട്ടീദാർ നേതാവ് പറഞ്ഞു.
മൂന്ന് വർഷം കോൺഗ്രസിൽ നിന്നുകൊണ്ട് തന്റെ രാഷ്ട്രീയ ജീവിതം നശിപ്പിച്ചെന്നും ഹർദ്ദിക് പറഞ്ഞു. കോൺഗ്രസിൽ ചേർന്നില്ലായിരുന്നെങ്കിൽ ഇതിലും നന്നായി പ്രവർത്തിക്കുമായിരുന്നു. പാർട്ടിയിലുണ്ടായിരുന്നപ്പോൾ ജനങ്ങളെ സേവിക്കാൻ അവസരമുണ്ടായിരുന്നെങ്കിലും അത് പാർട്ടി തനിക്ക് തന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments