മുംബൈ: ഐപിഎല്ലിൽ കലാശപ്പോരാട്ടത്തിലെ ആദ്യ ടീമിനെ ഇന്നറിയാം. ആദ്യ ക്വാളി ഫയറിൽ ഇന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഹാർദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ടൂർണ്ണമെന്റിൽ അപ്രതീക്ഷിത കുതിപ്പോടെയാണ് ഈ വർഷം മാത്രം രൂപീകരിച്ച ഗുജറാത്ത് മുന്നേറിയത്. രണ്ടാം കിരീടത്തിനാണ് രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്. കൊൽക്കത്തയിലെ ഈഡൻഗാർഡൻസിലാണ് വൈകിട്ട് 7.30ന് മത്സരം നടക്കുന്നത്.
മികച്ച ഫോമിലുള്ള നായകൻ ഹാർദ്ദിക് പാണ്ഡ്യയ്ക്കൊപ്പം ഓപ്പണറായി ടീമിന് ശക്തമായ തുടക്കമാണ് വൃദ്ധിമാൻ സാഹ നൽകുന്നത്. ശുഭ്മാൻ ഗില്ലും മാത്യൂ വെയ്ഡും ഡേവിഡ് മില്ലർക്കുമൊപ്പം ഫിനിഷറായ രാഹുൽ തെവാത്തിയയും ഗുജറാത്തിന്റെ ബാറ്റിംഗ് കരുത്തു കൂട്ടുന്നു.
ഇവർക്ക് മറുപടിയായി സ്ഥിരതയാണ് രാജസ്ഥാന്റെ മുതൽക്കൂട്ട്. മികച്ച ഫോമിലുള്ള യശസ്വി ജയ്സ്വാളും മദ്ധ്യനിരയിലെ വിശ്വസ്തനായ ദേവ്ദത്ത് പടിക്കലും ടൂർണ്ണമെന്റിലെ ടോപ്സ്കോററായ ജോസ് ബട്ലറുമാണ് സഞ്ജുവിന്റെ കരുത്ത്.എന്നാൽ ബാറ്റുകൊണ്ടും ബോളുകൊണ്ടും അത്ഭുതമായി മാറിയിരിക്കുന്ന അശ്വിന്റെ ഉത്തരവാദിത്വം നിറഞ്ഞ പോരാട്ടമാണ് രാജസ്ഥാന്റെ തുറുപ്പുചീട്ട്.
ബൗളിംഗിൽ രാജസ്ഥാനാണ് മേൽകൈ. ട്രെൻഡ് ബോൾട്ടിന്റെ പേസിനൊപ്പം ടൂർണ്ണമെ ന്റിലെ വിക്കറ്റ് വേട്ടക്കാരിലെ മുമ്പനായ യുസ് വേന്ദ്ര ചാഹലും ആർ. അശ്വിനുമാണ് കരുത്ത്. ഇതുവരെ വൻ വിക്കറ്റു വേട്ട നടത്താനായിട്ടില്ലെങ്കിലും റഷീദ് ഖാനും സായ്കിഷോറുമാണ് ഗുജറാത്തിന്റെ കരുത്ത്.
ആദ്യ രണ്ടു സ്ഥാനക്കാരെന്ന നിലയിൽ ഇന്ന് തോൽക്കുന്ന ടീമിന് ഒരു മത്സരം കൂടി കളിക്കാൻ അവസരം ലഭിക്കും. രണ്ടാം ക്വാളിഫയറിൽ ലഖ്നൗ-ബാംഗ്ലൂർ പോരാട്ടത്തിൽ വിജയിച്ചാൽ നേരിട്ട് ഫൈനലിലെത്താം.
Comments