ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ. ആലപ്പുഴ ജില്ലാ പ്രസിഡന്റായ പി എ നവാസാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്നാണ് അറസ്ററ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
കുട്ടിയെ തോളിലേറ്റി നടന്ന് മുദ്രാവാക്യം വിളിപ്പിച്ച അൻസാർ നജീബിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കുട്ടിയെ തിരിച്ചറിഞ്ഞാൽ, മാതാപിതാക്കൾക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് ആലപ്പുഴ നഗരത്തിലൂടെ പോപ്പുലർ ഫ്രണ്ടിന്റെ റാലി നടന്നത്. അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമാണ് റാലിക്കിടെ കുട്ടി മുദ്രാവാക്യം വിളിച്ചത്. ഇത് കൂടാതെ ബാബറി വിഷയവും മുദ്രാവാക്യത്തിൽ പരാമർശിക്കുന്നുണ്ടായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ വ്യാപകമായ വിമർശനങ്ങൾ ഉയർന്നു. കുട്ടികളെ റാലിയിൽ പങ്കെടുപ്പിക്കുന്നതിൽ ഹൈക്കോടതിയും അതൃപ്തി അറിയിച്ചു.
Comments