കായംകുളം : എംഡിഎംഎയുമായി നവദമ്പതികൾ പോലീസ് പിടിയിൽ. കായംകുളം മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്. ഇവരിൽ നിന്ന് 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്ന് ദേശീയ പാതയിൽ വാഹന പരിശോധന നടത്തിയിരുന്നു. ഇതിനിടെ കെ എസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം സ്വകാര്യ ബസിൽ വന്നിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് നേരിട്ട് കേരളത്തിലേക്ക് ഇവർ ലഹരിക്കടത്ത് നടത്തുകയായിരുന്നു.
ഏറെ കാലമായി പ്രണയത്തിലായിരുന്ന ഇവർ ഈ മാസം 11 നാണ് വിവാഹിതരായത്. മുൻപും ബംഗളൂരുവിൽ നിന്ന് അനീഷ് ലഹരി മരുന്ന് കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments