എറണാകുളം: വെണ്ണില പ്രസംഗ കേസിൽ അറസ്റ്റിലായ പി.സി ജോർജ് ആശുപത്രിയിൽ. രക്ത സമ്മർദ്ദത്തിൽ വ്യതിയാനം സംഭവിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിലാണ് അദ്ദേഹം ഉള്ളത്.
അറസ്റ്റിന് ശേഷം രാത്രി അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കായാണ് ഇവിടേക്ക് എത്തിച്ചത്. പരിശോധനയിൽ രക്തസമ്മർദ്ദത്തിൽ വ്യതിയാനം ഉള്ളതായി കണ്ടു. ഇതേ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് അദ്ദേഹം.
തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കേസിൽ അദ്ദേഹത്തെ വിഴിഞ്ഞം പോലീസിന് കൈമാറാനിരിക്കെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്തേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായി. കേസുമായി ബന്ധപ്പെട്ട നടപടികൾക്കായി ഇന്ന് രാത്രി തന്നെ പി.സി ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനായിരുന്നു പോലീസ് തീരുമാനം. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ള പി സി ജോർജിനെ രാത്രിയിൽ അത്ര ദൂരം കൊണ്ടുപോകുന്നത് ഉചിതമല്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
Comments