വിവാഹ ചടങ്ങിൽ വധുവും വരനും പരസ്പരം പൂമാല ചാർത്തുന്ന സംസ്‌കാരമാണ് രാജ്യത്തെ മിക്ക വിഭാഗക്കാരും തുടർന്നുപോരുന്നത്. പൂമാല ഇടുന്നത് മാത്രം ആചാരമായി കണക്കാക്കുന്നവരുമുണ്ട്. എന്നാൽ പൂമാലയ്‌ക്ക് പകരം ജീവനുള്ള പാമ്പിനെയാണ് കഴുത്തിൽ അണിയിക്കുന്നതെങ്കിലോ. അത്തരത്തിൽ ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
വിവാഹചടങ്ങിൽ കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ചാണ് വധുവും വരനും പരസ്പരം പൂമാല ചാർത്തുന്നതിന് പകരം പാമ്പുകളെ കഴുത്തിലണിയിക്കുന്നത്. വരന്റെ കഴുത്തിൽ വധു ഒരു ചെറിയ പാമ്പിനെയാണ് അണിയിച്ചതെങ്കിൽ, വരൻ അണിയിച്ചത് ഒരു പെരുമ്പാമ്പിനെ തന്നെയാണ്.
2010 മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിൽ വളരെ ഉള്ളിലായുള്ളൊരു ഗ്രാമത്തിൽ നടന്ന വിവാഹമാണിത്. ഇതിന്റെ ദൃശ്യങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായത്. വനംവകുപ്പിൽ പ്രവർത്തിക്കുന്ന രണ്ട് പേരുടെ വിവാഹമായിരുന്നു ഇത് എന്നാണ് വിവരം. അങ്ങനെയാണ് പൂമാലയ്‌ക്ക് പകരം പാമ്പുകളെ തിരഞ്ഞെടുത്തത്. ചടങ്ങിന് ശേഷം പാമ്പുകളെ കാട്ടിനകത്ത് കൊണ്ടുപോയി വിട്ടെന്നും റിപ്പോർട്ടുണ്ട്.















