തിരുവനന്തപുരം: കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരായ വെളിപ്പെടുത്തലിൽ സ്വപ്ന സുരേഷിനെതിരെ പരാതി നൽകി കെ.ടി ജലീൽ എംഎൽഎ. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും, അതിനാൽ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. കന്റോൺമെന്റ് പോലീസിനെയാണ് അദ്ദേഹം പരാതിയുമായി സമീപിച്ചത്.
മുഖ്യമന്ത്രി വിദേശത്തേക്ക് കറൻസി കടത്തിയെന്നും, മുഖ്യമന്ത്രിയ്ക്കായി ബിരിയാണി ചെമ്പിൽ ലോഹവസ്തു എത്തിച്ചെന്നുമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം ജലീലിന് അറിയാമായിരുന്നുവെന്നും സ്വപ്ന രഹസ്യമൊഴി നൽകിയിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജലീൽ കോടതിയെ സമീപിച്ചത്. വെളിപ്പെടുത്തലിന് പിന്നിൽ പി.സി ജോർജിന്റെ പങ്കുൾപ്പെടെ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ച ശേഷമാണ് പരാതി നൽകിയതെന്ന് ജലീൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നുണപ്രചാരണം നടത്തി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് മുൻപും സർക്കാരിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ സ്വപ്ന ഉന്നയിച്ചിട്ടുണ്ട്. വിവിധ അന്വേഷണ ഏജൻസികൾ മാറി മാറി ചോദ്യം ചെയ്തിട്ടും അന്നൊന്നും ഇത്തരം വെളിപ്പെടുത്തൽ സ്വപ്ന നടത്തിയില്ല. ഇപ്പോൾ സർക്കാരിനെതിരെ നടത്തിയ കള്ളക്കടത്ത് ആരോപണത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments