തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ തനിക്ക് അറിയില്ലെന്ന് മാദ്ധ്യമപ്രവർത്തകൻ എംവി നികേഷ് കുമാർ. സ്വപ്‌ന സുരേഷും ഷാജ് കിരണും കൂടിച്ചേർന്ന് തന്നെ കുടുക്കാനാണ് ശ്രമിക്കുന്നത് എന്ന് നികേഷ് കുമാർ ഫേസ്ബുക്കിലൂടെ പറഞ്ഞു.
സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാനാണ് ഷാജ് കിരൺ തന്നെ വിളിക്കുന്നത്. സ്വപ്ന സുരേഷ് വിഷയം നമ്മൾ പുറത്തു കേൾക്കുന്നതൊന്നും അല്ലെന്ന് ഷാജ് കിരൺ പറഞ്ഞു. സ്വപ്നയെ എച്ച്ആർഡിഎസ് തടങ്കലിൽ വെച്ചിരിക്കുകയാണ്. വക്കീൽ ആണ് അവരെക്കൊണ്ട് പലതും പറയിപ്പിക്കുന്നത്. അവർ തന്നെ ബാത്ത്‌റൂമിൽ ഇരുന്ന് വിളിച്ചിരുന്നുവെന്നും താൻ ആത്മഹത്യയുടെ മുന്നിലാണെന്ന് പറഞ്ഞുവെന്നും ഷാജ് കിരൺ പറഞ്ഞു.
സ്വപ്‌നയുടെ അഭിമുഖമെടുക്കണമെന്നും ഷാജ് കിരൺ തന്നോട് ആവശ്യപ്പെട്ടു. എന്നാൽ അഭിമുഖത്തിന്റെ പേര് പറഞ്ഞത് തന്നെ കുടുക്കാനാണ് അവർ ലക്ഷ്യമിട്ടത്. ബോധപൂർവ്വമായ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടന്നത് എന്നും സ്വപ്‌നയ്‌ക്കും ഷാജ് കിരണിനും പിന്നിൽ മറ്റു ചിലർ ഉള്ളതായി സംശയിക്കുന്നുവെന്നും നികേഷ് കുമാർ പറഞ്ഞു.
തന്റെ പേര് സ്വപ്നയുടെ മുന്നിൽ ആളാകാൻ ദുരുപയോഗിച്ചിട്ടുണ്ടെങ്കിൽ ഷാജ് ദുഖിക്കും. തനിക്ക് ആകെയുള്ള സ്വത്ത് ക്രെഡിബിലിറ്റിയാണ്. തന്റെ ബന്ധം വെളിപ്പെടുത്തുന്ന തെളിവുകൾ സ്വപ്‌ന പുറത്തുവിടട്ടെ എന്നും നികേഷ് കുമാർ പറഞ്ഞു. തന്റെ പേര് കൂട്ടിച്ചേർക്കപ്പെട്ടത് ചിലർ നന്നായി ഉപയോഗിക്കുന്നുണ്ടെന്നും പൂർണ്ണ ബോധ്യം ഇല്ലാതെ ആസൂത്രണമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാനാകില്ലെന്നും നികേഷ് കൂട്ടിച്ചേർത്തു.
Comments