തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ സുഹൃത്തും മുൻ മാദ്ധ്യമപ്രവർത്തകനുമായ ഷാജ് കിരണിനെ ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാകും ഷാജ് കിരണിനെ ചോദ്യം ചെയ്യുക. അടുത്ത ആഴ്ച ഷാജിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം.
വെളിപ്പെടുത്തലുകൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ദൂതനായി ഷാജ് കിരൺ ബന്ധപ്പെട്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ ഇവർ തമ്മിലുള്ള ഫോൺ സംഭാഷണവും പുറത്തുവിട്ടിരുന്നു. തെളിവുണ്ടായിട്ടും സ്വപ്നയുടെ ആരോപണത്തിൽ പോലീസ് ഷാജിനെ കസ്റ്റഡിയിൽ എടുക്കുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഇതിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇതുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർ യോഗം ചേരും. ഇതിന് പിന്നാലെയാകും എന്ന് വിളിപ്പിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
അതേസമയം ഷാജ് കിരൺ കോയമ്പത്തൂരിലാണ്. സ്വപ്ന പുറത്തുവിട്ട ശബ്ദ സന്ദേശം എഡിറ്റ് ചെയ്തതാണെന്നാണ് ഷാജ് കിരൺ പറയുന്നത്. ഫോണിൽ നിന്നും കാണാതെയായ വീഡിയോ തിരിച്ചെടുക്കാനായാണ് കോയമ്പത്തൂരിൽ എത്തിയതെന്നാണ് ഷാജ് കിരൺ പറയുന്നത്.
Comments