കോഴിക്കോട് : പേരാമ്പ്ര വാല്യക്കോട് സിപിഎം പാർട്ടി ഓഫീസിന് തീയിട്ടു .വാല്യക്കോട് ടൗൺ ബ്രാഞ്ച് ഓഫീസിനാണ് തീയിട്ടത്.ഇന്നലെ രാത്രിയാണ് സംഭവം .ഓഫീസിലെ ഫർണീച്ചറുകളും മറ്റ് ഫയലുകളും കത്തി നശിച്ചു .സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.അതേസമയം സംഭവത്തിൽ ദുരൂഹത ഉയർന്നിട്ടുണ്ട്.
വഴിയാത്രക്കാരാണ് ഓഫീസിൽ തീയിട്ട വിവരം പോലീസിനെ അറിയിച്ചത്.തുടർന്ന് പോലീസ് എത്തി തീ അണയ്ക്കുകയായിരുന്നു.സംഭവത്തിൽ പേരാമ്പ്ര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങൾ ശക്തമായതോടെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി അക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ ഉണ്ടായ പ്രതിഷേധത്തിന്റെ പേരിൽ കെപിസിസി ആസ്ഥാനത്തിന് നേർക്കും കല്ലേറ് നടത്തിയിരുന്നു. കോഴിക്കോട് ജില്ലയിലും കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും വ്യാപകമായ അക്രമങ്ങൾ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് വാല്യക്കോട് സംഭവമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം തിക്കോടിയിൽ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകരെ വെല്ലുവിളിച്ചും കൊലവിളി നടത്തിയും സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.
Comments