ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം തകർത്തെറിഞ്ഞ് പോലീസ്. 15 കിലോ ഐഇഡി കണ്ടെടുത്ത് നശിപ്പിച്ചു. സംഭവത്തിൽ രണ്ട് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു.
പുൽവാമ ജില്ലയിലെ അർമുള്ള ലിറ്റെർ മേഖലയിലായിരുന്നു സംഭവം. പ്രഷർ കുക്കറിൽ നിറച്ച് ഉപേക്ഷിച്ച നിലയിലായിരുന്നു ഐഇഡി. വഴിയരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ കുക്കർ കിടക്കുന്നതു കണ്ട യാത്രികരാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടനെ സ്ഥലത്തെത്തി പോലീസ് പരിശോധന നടത്തുകയായിരുന്നു.
പരിശോധനയിൽ കുക്കറിനുള്ളിൽ സ്ഫോടകവസ്തുവാണെന്ന് കണ്ടെത്തി. തുടർന്ന് പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഭീകരരെ പിടികൂടുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂർ നേരം എടുത്താണ് ബോംബ് സ്ക്വാഡ് ഐഇഡി നിർവ്വീര്യമാക്കിയത്.
മേഖല മുഴുവൻ പോലീസും സുരക്ഷാ സേനയും വളഞ്ഞിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതവും വഴി തിരിച്ചുവിട്ടു. പ്രദേശവാസികളെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ ഭീകരർക്കെതിരെ പോലീസ് കേസ് എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Comments