ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ കുട്ടികളിൽ കൂടുതൽ ഫലപ്രദമെന്ന് കണ്ടെത്തൽ. 2 മുതൽ 17 വയസു വരെയുള്ള കുട്ടികളിൽ കൊവാക്സിൻ സുരക്ഷിതവും പ്രതിരോധം തീർക്കാൻ കൂടുതൽ സഹായിക്കുമെന്നും കണ്ടെത്തി. പ്രായപൂർത്തിയായവരിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ ഫലപ്രാപ്തി 17 വയസിന് താഴെയുള്ളവരിൽ പ്രകടമാകുന്നുവെന്നാണ് റിപ്പോർട്ട്.
ഹൈദരാബാദ് ആസ്ഥാനമായ വാക്സിൻ നിർമാതാക്കളാണ് ഭാരത് ബയോടെക്ക്. കഴിഞ്ഞ വർഷം ജൂൺ മുതൽ സെപ്തംബർ വരെ നടത്തിയ പഠനത്തിലാണ് കൊവാക്സിൻ കുട്ടികളിൽ വരുത്തുന്ന ഫലപ്രാപ്തി സംബന്ധിച്ച കണ്ടെത്തലുണ്ടായത്. രണ്ടിനും 17-നും ഇടയിലുള്ള 576 കുട്ടികളിലും കൗമാരക്കാരിലുമാണ് പഠനം നടത്തിയത്. തുടർന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് 2021 ഒക്ടോബറോടെ പഠന റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
നിലവിൽ 15-17 വയസിനിടയിലുള്ള കൗമാരക്കാർക്കാണ് കൊവാക്സിൻ ഉപയോഗിക്കാൻ അനുമതിയുള്ളത്. 12-14 വയസിനിടയിലുള്ള കുട്ടികളിൽ ബയോളജിക്കൽ ഇ-യുടെ കോർബെവാക്സ് ഉപയോഗിക്കാൻ അനുമതിയുണ്ട്. 12 വയസിന് താഴെയുള്ള കുട്ടികളിൽ കുത്തിവെയ്പ്പെടുക്കാൻ നിലവിൽ ഒരു വാക്സിൻ നിർമാതാക്കൾക്കും ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ല.
Comments