ന്യൂഡല്‍ഹി: ഇന്ത്യയെ നേപ്പാളുമായി ബന്ധിപ്പിക്കുന്ന ഭാരത് ഗൗരവ് ട്രെയിന്റെ ശ്രീ രാമായണ യാത്രയ്ക്ക് തുടക്കം. കേന്ദ്ര ടൂറിസം മന്ത്രി കിഷന് റെഡ്ഡിയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ചേര്‍ന്ന് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ഡല്‍ഹിയിലെ സഫ്ദര്‍ജങ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തത്. പുണ്യസ്ഥലങ്ങളായ നേപ്പാളിലെ ജനക്പൂരിലേക്കുളള ആദ്യ ട്രെയിനാകും ഭാരത് ഗൗരവ് ട്രെയിന്‍. അയോദ്ധ്യ, നന്ദിഗ്രാം, വാരാണസി, പ്രയാഗ് രാജ് ,ചിത്രകൂട്,ഹംപി, രാമേശ്വരം,ഭദ്രാചലം തുടങ്ങിയ ഇടങ്ങളിലൂടെ ആകും ട്രെയിന്‍ സഞ്ചരിക്കുക. ട്രെയിനിലെ കോച്ചുകളില്‍ ഇന്ത്യന്‍ സ്മാരകങ്ങള്‍, നൃത്തരൂപങ്ങള്‍, യോഗ, നാടോടി കലകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിട്ടുണ്ട്. 18 ദിവസമാണ് രാമായണ യാത്ര.
രാജ്യത്തിന്റെ സാംസ്കാരികവും ആത്മീയവും ചരിത്രപരവുമായ പൈതൃകം പ്രദര്‍ശിപ്പിക്കാനുള്ള മാര്‍ഗമായി ഭാരത് ഗൗരവ് ട്രെയിനുകളെ ഉപയോഗിക്കുമെന്ന് കിഷന് റെഡ്ഡി വ്യക്തമാക്കി. പദ്ധതി രാജ്യത്തെ ടൂറിസം മേഖലയില്‍ വന്‍ കുതിപ്പ് സൃഷ്ടിക്കുകയും ജനങ്ങള്‍ക്ക് പൈതൃകത്തെ അടുത്തറിയാനും അവസരം ഉണ്ടാകുമെന്നും അറിയിച്ചു. ഇത്തരത്തിലുള്ള ടൂറിസ്റ്റ് ട്രെയിനുകള്‍ വഴി വിഷയത്തെ ആസ്പദമാക്കിയുള്ള വിനോദസഞ്ചാരത്തെ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് റെയില്‍വേ മന്ത്രി ചൂണ്ടിക്കാട്ടി.
ടൂറിസം മന്ത്രാലയം ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷനുമായി ചേര്‍ന്ന് കൃഷ്ണ സര്‍ക്യൂട്ട്, ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും. ഉദ്ഘാടന വേളയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
Comments