കാൻബെറ: ഫ്രൈ പാൻ ഉപയോഗിച്ച് ബുൾസൈ ഉണ്ടാക്കാൻ മാത്രമല്ല മുതലയുടെ ‘തലമണ്ട’ അടിച്ചുപൊളിക്കാനും പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു വയോധികൻ. സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തിയ ഒരു വീഡിയോയിലാണ് ധൈര്യശാലിയായ വയോധികന്റെ സ്വയം പ്രതിരോധമുള്ളത്.
ഓസ്ട്രേലിയയിലെ ഗോട്ട് ഐലാൻഡ് ലോഡ്ജിലാണ് സംഭവം. അഡലൈഡ് നദീതീരത്തുള്ള ഈ ദ്വീപിലെ കൊച്ചുഗ്രാമത്തിലാണ് പബ്ബ് നടത്തുന്ന കായ് ഹൻസെൻ എന്ന വയോധികൻ താമസിക്കുന്നത്. പെട്ടെന്നൊരു പകൽസമയം ഹൻസെന്റെ വീട്ടുമുറ്റത്ത് മുതലയെത്തുകയായിരുന്നു. മുതലയെ കണ്ട് ആദ്യം ഭയന്ന ഹൻസെൻ ഉടൻ വീടിനകത്ത് നിന്നും ഒരു ഫ്രൈ പാൻ എടുത്തുകൊണ്ടുവന്നു.
ഹൻസെനെ കണ്ടതും മുതലെ അയാളെ ആക്രമിക്കാൻ പഞ്ഞടുത്തു. മുതല ആക്രമിക്കാൻ പഞ്ഞടുത്തതോടെ കയ്യിലുള്ള ഫ്രൈ പാൻ കൊണ്ട് ഇയാൾ മുതലയുടെ തലയ്ക്ക് അടിച്ചു. ആദ്യത്തെ അടി കൊണ്ടപ്പോൾ വീണ്ടും ആക്രമിക്കാൻ വന്നെങ്കിലും രണ്ടാമത്തെ അടിയിൽ മുതല പിന്തിരിഞ്ഞു. പിന്നാലെ വേഗം സമീപത്തെ കുറ്റിക്കാട്ടിലേക്ക് പാഞ്ഞു. ‘സ്റ്റോറിഫുൾ വൈറൽ’ എന്ന യൂട്യൂബ് പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ട് വീഡിയോ വൈറലാകുകയും ചെയ്തു.
Comments