മുംബൈ: എൻസിപി നേതാവ് ശരദ് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ അറസ്റ്റിലായ നടി കേതകി ചിതാലെക്ക് ജാമ്യം. ഒരുമാസത്തെ ജയിൽവാസത്തിന് ശേഷമാണ് മറാത്തി നടിയായ കേതകിക്ക് ജാമ്യം ലഭിച്ചത്. 20,000 രൂപയുടെ ബോണ്ടിൽ താനെ ജില്ലാകോടതി ജസ്റ്റിസ് എച്ച്എം പട്വർദ്ധൻ ജാമ്യം അനുവദിച്ചു. നിലവിൽ താനെ സെൻട്രൽ ജയിലിലാണ് കേതകി കഴിയുന്നത്.
കേതകി ചിതാലെയെ അറസ്റ്റുചെയ്യുമ്പോൾ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചു. നിയമപ്രകാരം മുൻകൂറായി നോട്ടീസ് നൽകാതെയാണ് നടിയെ അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ചട്ടങ്ങൾ പാലിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
എൻസിപി നേതാവ് ശരദ് പവാറിനെതിരെ മറ്റൊരാൾ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് തന്റെ പേജിൽ പങ്കുവെച്ചതോടെയാണ് നടി വെട്ടിലായത്. തുടർന്ന് എൻസിപി പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2022 മെയ് 15ന് കേതകി ചിതാലെയെ താനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിവിധയിടങ്ങളിലെ പരാതികൾ പ്രകാരം 20 ലധികം എഫ്‌ഐആറുകളാണ് നടിക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്തത്.
Comments