തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് ഇന്ന് തത്സമയം മറുപടി നൽകാനൊരുങ്ങി കെ-റെയിൽ. വൈകിട്ട് നാല് മണി മുതൽ കെ-റെയിലിന്റെ ഓൺലൈൻ സംവാദം ആരംഭിക്കും.
ജനങ്ങളുടെ സംശയങ്ങൾക്ക് കെ-റെയിൽ എംഡി വി. അജിത് കുമാറാണ് മറുപടി നൽകുക. കെ-റെയിലിന്റെ മറ്റ് ഉദ്യോഗസ്ഥർ, സിസ്ട്ര പ്രോജക്ട് ഡയറക്ടർ തുടങ്ങിയവരും ലൈവിൽ സംബന്ധിക്കും.
ഫേസ്ബുക്ക്, യൂ-ട്യൂബ് തുടങ്ങിയവയിലൂടെയാണ് സംവാദം. ജനങ്ങളുടെ സംശയങ്ങൾ കമന്റായി രേഖപ്പെടുത്താം. കേന്ദ്ര അനുമതിയില്ലാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് സംവാദം സംഘടിപ്പിക്കുന്നത്.
കാസർകോഡ്-തിരുവനന്തപുരം സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതിയായ കെ-റെയിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച വൻ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നത്. തുടർന്ന് 14 ജില്ലകളിൽ മന്ത്രിമാർ പങ്കെടുത്തുകൊണ്ട് ‘ജനസമക്ഷം’ എന്ന പേരിൽ സംവാദ പരിപാടി സംഘടിപ്പിച്ചിരുന്നു. ശേഷമാണ് ഓൺലൈൻ സംവാദം കൂടി സംഘടിപ്പിച്ചിരിക്കുന്നത്.
Comments