ഭുവനേശ്വർ: രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനുള്ള പിന്തുണയേറുന്നു. പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളടക്കം ദ്രൗപതി മുർമുവിന് പിന്തുണ നൽകുന്ന കാഴ്ചയാണുള്ളത്. ഒഡീഷയിലെ മുൻ കോൺഗ്രസ് മന്ത്രിയും എംഎൽഎയുമായ സുരേഷ് റൗത്രെ മുർമുവിന് പിന്തുണ പ്രഖ്യാപിച്ചു. ദ്രൗപതി മുർമുവിന് പിന്തുണ നൽകാനും പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെ പിൻവലിക്കാനും സോണിയാ ഗാന്ധിയോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഒഡിയ എന്ന നിലയിൽ മുർമുവിന്റെ സ്ഥാനാർത്ഥിത്വത്തിൽ സന്തോഷവാനാണ്. ഒഡിയ വനവാസി സ്ത്രീയായ അവർ ഝാർഖണ്ഡിലെ എംഎൽഎ, മന്ത്രി, ഗവർണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ ഒഡീഷ ഭവനിൽ വെച്ച് താൻ അവരെ കാണുകയും അഭിനന്ദിക്കുകയും ചെയ്തുവെന്ന്’ സുരേഷ് റൗേ്രത പറഞ്ഞു.
പാർട്ടി ഹൈക്കമാന്റിന്റെ നിർദ്ദേശം താൻ പാലിക്കുമെന്നും വിപ്പ് ഇല്ലെങ്കിൽ കോൺഗ്രസ് എംഎൽഎമാർ മനസാക്ഷിയ്ക്ക് അനുസരിച്ച് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ബിഎസ്പി നേതാവ് മായാവതി ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യശ്വന്ത് സിൻഹയെ രാഷ്ട്രപതിയായി തീരുമാനിക്കുമ്പോൾ തങ്ങളുമായി ചർച്ച നടത്തിയിട്ടില്ലെന്നും മായാവതി ആരോപിച്ചിരുന്നു.
Comments