തനിക്ക് പിറന്നാൾ ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി പറഞ്ഞ് നടൻ സുരേഷ് ഗോപി. ഈ പ്രത്യേക ദിനത്തിൽ എനിക്ക് ആശംസകൾ നേർന്ന എല്ലാവർക്കും എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഓരോരുത്തരിൽ നിന്നും വളരെയേറെ സ്നേഹവും വാത്സല്യവും തനിക്ക് ലഭിച്ചുവെന്നും അതിന് താൻ നന്ദിയുള്ളവനാണെന്നും നന്ദിയുള്ളവനാണെന്നും സുരേഷ് ഗോപി പറഞ്ഞു.
അവിസ്മരണീയമായ ഒരു ജന്മദിനമാണ് തനിക്ക് ലഭിച്ചതെന്ന് നടൻ പറയുന്നു. വാക്കുകൾക്കതീതമായി ഈ ദിവസം തന്നെ സ്പർശിച്ചുവെന്നും സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു. ഭാര്യ രാധികയുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടൻ നന്ദി അറിയിച്ചത്. സിനിമ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരെല്ലാം സുരേഷ് ഗോപിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രംഗത്ത് വന്നിരുന്നു.
സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ പിറന്നാൾ താര സംഘടനയായ അമ്മയും, മിമിക്രി കലാകാരന്മാരുടെ സംഘനയായ മാ യും ആഘോഷിച്ചു. ഇരു സംഘടനകളും നടന്റെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചിരുന്നു. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഈ ദിവസം തന്നെയാണ് സുരേഷ് ഗോപിയുടെ 64 ആം പിറന്നാളും. വർഷങ്ങൾക്ക് ശേഷം പിണക്കങ്ങളും പരിഭവങ്ങളും എല്ലാം മറന്ന് അമ്മയിലേയ്ക്ക് തിരിച്ചെത്തിയ സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷമാക്കുകയായിരുന്നു അമ്മ. മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് പിറന്നാൾ കേക്ക് മുറിച്ചത്.
Comments