ന്യൂഡൽഹി: രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉത്പാദനം, ഇറക്കുമതി, വിതരണം, വിൽപ്പന തുടങ്ങിയവയ്‌ക്കാണ് നിരോധനം. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് വിലക്കേർപ്പെടുത്തിയത്.
മിഠായിയ്‌ക്ക് പുറത്തെ പ്ലാസ്റ്റിക് കവറുകൾ, ബലൂൺ പോലുള്ള സാധനങ്ങളിലെ പ്ലാസ്റ്റിക് കോലുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ക്ഷണക്കത്തുകൾ, സിഗരറ്റ് പാക്കറ്റ്, പിവിസി ബാനറുകൾ, പോസ്ട്രിൻ അലങ്കാര വസ്തുക്കൾ എന്നിവയ്‌ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സർക്കാരിന്റെ നിർദ്ദേശം ലംഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കാനാണ് നിർദ്ദേശം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിച്ചാൽ വ്യക്തികൾക്കും വീടുകൾക്കും അഞ്ഞൂറ് രൂപ പിഴ ചുമത്തും. ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ നിന്നും 5000 രൂപയായിരിക്കും പിഴയായി ഈടാക്കുക. ഇതിന് പുറമേ അഞ്ച് വർഷംവരെ തടവോ 1 ലക്ഷം രൂപ പിഴയോ ലഭിച്ചേക്കാം.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ നിർമ്മാണത്തിന് അനുമതിയുണ്ടായിരിക്കില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇത്തരം പ്ലാസ്റ്റിക്കുകൾ ഉത്പാദനവും ഉപയോഗവും തടയാൻ പ്രത്യേക കൺട്രോൾ റൂമുകളും സ്‌ക്വാഡുകൾ രൂപീകരിക്കാനും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments